English| മലയാളം

ചരിത്രം

മുനിസിപ്പാലിറ്റി രൂപീകരിച്ച തിയതി/വര്‍ഷം  1.4.90

 

പ്രാക് ചരിത്രം
18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ മലബാറിലെ കോട്ടയം രാജകുടുംബം കൂത്തുപറമ്പ് മൈതാനിയും പരിസര പ്രദേശങ്ങളും ബ്രിട്ടീഷുകാര്‍ക്ക് പട്ടാള ആവശ്യത്തിനു വിട്ടു കൊടുത്തു. കൂത്തുപറമ്പിന്റെ ചരിത്രം കോട്ടയം രാജ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

 

സ്ഥലനാമോല്‍പത്തി
കൂത്തു പറഞ്ഞ സ്ഥലം കൂത്തുപറമ്പ് ആയി എന്നാണ് ഐതിഹ്യം. ആട്ടക്കഥകള്‍ ആവിര്‍ഭവിച്ചത് കൂത്തുപറമ്പില്‍ നിന്നാണ്.

 

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസിദ്ധനായ എ.കെ.ജി. യുടെ കര്‍മ്മ മണ്ഡലമാണ് കൂത്തുപറമ്പ്. എന്‍.ഇ. ബലറാം, പത്തലായി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ നയിച്ച കൂത്തുപറമ്പിലെ ദേശീയ പ്രസ്ഥാനം ഇവിടുത്തെ സാംസ്ക്കാരിക നവോത്ഥാനത്തിനു വഴിയൊരുക്കി. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1940 സെപ്തംബര്‍ 15 ന് സാമ്രാജ്യത്വ വിരുദ്ധ ദിനമായി കൂത്തുപറമ്പിലെ ജനങ്ങള്‍ പ്രകടനം നടത്തി.

 

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍
മുനിസിപ്പാലിറ്റിയിലെ ആദ്യ വിദ്യാലയം ബാസില്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ വകയായിരുന്നു. നഗരസഭയിലെ ഏക സര്‍ക്കാര്‍ ഹൈസ്ക്കൂള്‍ 1980 ല്‍ പട്ടണത്തില്‍ തന്നെ നിലവില്‍ വന്നു. 1904 ല്‍ സ്ഥാപിതമായ മാറോളി കുളത്തിന്റെയും സാധു ജനസത്രത്തിന്റെയും ഭാഗമായി നിലവില്‍ വന്ന ദേശീയ വായനശാലയാണ് കൂത്തുപറമ്പിലെ ആദ്യത്തെ വായനശാല. പത്തലായി കുഞ്ഞിക്കണ്ണന്‍ സ്മാരകവായനശാല, വാഗ്ഭടാനന്ദ ഗുരുദേവ വായനശാല നരവൂര്‍ സൌത്ത്, ഗ്രാമീണ വായനശാല തൃക്കണ്ണാപുരം, സി. കെ. ജി. തിയേറ്റേര്‍സ് കൂത്തുപറമ്പ്, നളന്ദ കള്‍ച്ചറല്‍ സെന്റര്‍ തൊക്കിലങ്ങാടി, ദേശബന്ധു വായനശാല പാലത്തുംകര, ഗ്രാമീണ വായനശാല മുര്യാട്, എ.കെ.ജി. തിയേറ്റേര്‍സ് നരവൂര്‍ സൌത്ത്, ശ്രീ നാരായണ ഗുരുസ്മാരക വായനശാല തൃക്കണ്ണപുരം തുടങ്ങിയവയുമുണ്ട്.

 

വാണിജ്യ-ഗതാഗത പ്രാധാന്യം
പരമ്പരാഗത വ്യവസായമായ കൈത്തറി, ബീഡി എന്നിവ നഗരസഭയിലുണ്ട്. വലിയവെളിച്ചം വ്യവസായകേന്ദ്രം കൂത്തുപറമ്പ് നഗരസഭയ്ക്ക് സമീപത്താണ്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആയിഷാ ഹോസിയറി ഫാക്ടറി നഗരസഭയ്ക്ക് തൊട്ട് സ്ഥിതി ചെയ്യുന്നു. മലഞ്ചരക്ക് വ്യാപാരകേന്ദ്രം, കോട്ടയം അങ്ങാടി എന്നിവ ബ്രിട്ടീഷ് അധിനിവേശത്തിനു മുന്‍പുതന്നെ പ്രസിദ്ധമായിരുന്നു. തലശ്ശേരി-മൈസൂര്‍, തലശ്ശേരി-മാനന്തവാടി എന്നീ സംസ്ഥാന ഹൈവേയുടെ സംഗമകേന്ദ്രവുമാണിവിടം.
 
പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍
കൂത്തുപറമ്പ് റവന്യു വില്ലേജ് ആയിരുന്നു. 1939 ല്‍ കൂത്തുപറമ്പ് പഞ്ചായത്ത് രൂപീകരിക്കുകയും പ്രഥമപ്രസിഡന്റായി ഡോ. ഡി.കുമാരന്‍ തെരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ന്ന് കേളോത്ത് മുരിക്കഞ്ചേരി ഗോപാലന്‍, കെ.കെ.നായര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. വി.കെ.ചന്ദു പ്രസിഡന്റായിരിക്കെയാണ് 1990 ല്‍ നഗരസഭയായി രൂപം കൊള്ളുന്നത്. ആദ്യ നഗരസഭാ ചെയര്‍മാന്‍ സി.വി.മാലിനി ആയിരുന്നു.